National
ബംഗളൂരു: മുതിർന്ന നേതാക്കളായ സോണിയ ഗാന്ധി, രാഹുൽഗാന്ധി എന്നിവരുമായി ചർച്ച നടത്തി കർണാടകയിലെ അധികാര വടംവലിക്ക് പരിഹാരം കാണുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. അതേസമയം, പാർട്ടിയിൽ ഐക്യമുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.
ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി ഡൽഹിയിലെത്തിയ എംഎൽഎമാർ ഇന്നലെ കർണാടകയിൽ മടങ്ങിയെത്തി. ഇക്കാര്യത്തിൽ നേതൃത്വം തീരുമാനമെടുക്കുമെന്ന് എംഎൽഎമാർ ചൊവ്വാഴ്ച പറഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനത്ത് രണ്ടര വർഷം പൂർത്തിയാക്കിയതിനെത്തുടർന്നാണ് ഡികെ വിഭാഗം നേതൃമാറ്റത്തിനുള്ള ആവശ്യം ശക്തമാക്കിയിരിക്കുന്നത്.
മുഖ്യമന്ത്രിവിഷയത്തിലെ ആശയക്കുഴപ്പം അവസാനിപ്പിക്കണമെന്നും യുവാക്കൾക്കും പുതുമുഖങ്ങൾക്കും അവസരം നൽകി മന്ത്രിസഭ പുനഃസംഘടിപ്പിക്കണമെന്നും ഹൈക്കമാൻഡിനോട് അഭ്യർഥിച്ചതായി എംഎൽഎമാർ പറഞ്ഞു. 2023ൽ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ശിവകുമാറും തമ്മിൽ അധികാര പങ്കിടൽ കരാർ ഉണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു.
ശിവകുമാറിനെ അനുകൂലിക്കുന്ന ആറ് എംഎൽഎമാർ ഹൈക്കമാൻഡിനെ കാണാൻ ഞായറാഴ്ച രാത്രി ഡൽഹിക്കു പോയിരുന്നു. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ സന്ദർശിച്ചിരുന്നു.
അടുത്ത മുഖ്യമന്ത്രിയെക്കുറിച്ചുള്ള തീരുമാനം ഹൈക്കമാൻഡിന്റേതാണെന്നും നിലവിലെ ആശയക്കുഴപ്പം പരിഹരിക്കാൻ അവരോട് ആവശ്യപ്പെട്ടെന്നും മഗഡി എംഎൽഎ എച്ച്.സി. ബാലകൃഷ്ണ പറഞ്ഞു. ആര് മുഖ്യമന്ത്രിയാകുമെന്നത് പ്രധാനമല്ല. നിലവിലെ സാഹചര്യം പാർട്ടിക്കു ദോഷകരമാണ്. ഹൈക്കമാൻഡ് ഇടപെട്ട് ഇത് അവസാനിപ്പിക്കണം- ശിവകുമാർ വിഷയം നേതൃത്വവുമായി ചർച്ച ചെയ്തോയെന്നു വ്യക്തമാക്കാതെ അദ്ദേഹം പറഞ്ഞു.
ഹൈക്കമാൻഡ് തീരുമാനം എല്ലാവരും അംഗീകരിക്കുമെന്ന് രാമനഗര എംഎൽഎ ഇഖ്ബാൽ ഹുസൈൻ പറഞ്ഞു. “ഞാൻ എപ്പോഴും ആ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നു. 200 ശതമാനം, അദ്ദേഹം ഉടൻ മുഖ്യമന്ത്രിയാകും. ഹൈക്കമാൻഡ് തീരുമാനമെടുക്കും. ഞങ്ങളുടെ നേതാവ് (ശിവകുമാർ) പറഞ്ഞതുപോലെ, അധികാര കൈമാറ്റം അഞ്ചോ ആറോ പാർട്ടി നേതാക്കൾക്കിടയിലുള്ള ഒരു രഹസ്യ ധാരണയാണ്, ആ അഞ്ചോ ആറോ പേർ തീരുമാനിക്കും” - അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, പാർട്ടിയിൽ അനൈക്യമില്ലെന്നായിരുന്നു കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻകൂടിയായ ശിവകുമാറിന്റെ പ്രതികരണം. പാർട്ടി ഒറ്റക്കെട്ടായി 2028ലെ നിയമസഭാ, 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പുകളിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അധികാരകൈമാറ്റം സംബന്ധിച്ച് രാഹുൽ ഗാന്ധിയിൽനിന്നു ലഭിച്ച സന്ദേശമെന്തെന്നു വെളിപ്പെടുത്താൻ ശിവകുമാർ തയാറായില്ല. വരും ദിവസങ്ങളിൽ പാർട്ടി ഹൈക്കമാൻഡിനെ കാണാൻ ഡൽഹിക്കു പോകുമെന്ന സൂചനയും അദ്ദേഹം നൽകി. പ്രതിപക്ഷമായ ബിജെപി ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും ഭരണകക്ഷി അവർക്ക് അവസരം നൽകരുതെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.
ഇക്കാര്യത്തിൽ ഹൈക്കമാൻഡാണ് തീരുമാനമെടുക്കേണ്ടതെന്നായിരുന്നു മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രതികരണം. മുഖ്യമന്ത്രിയെ മാറ്റാൻ എംഎൽഎമാർ ഡൽഹിക്കു പോയതിനെ സംബന്ധിച്ചുള്ള ചോദ്യത്തിനായിരുന്നു അദ്ദേഹം മറപടി പറഞ്ഞത്. എംഎൽഎമാർക്ക് അവരുടേതായ സ്വാതന്ത്ര്യമുണ്ട്. ആത്യന്തികമായി, ഹൈക്കമാൻഡ് തീരുമാനമെടുക്കണം. ഹൈക്കമാൻഡ് പറയുന്നത് തങ്ങൾ അനുസരിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
National
ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതിനു പിന്നാലെ കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി.
ബിഹാറിലെ കോണ്ഗ്രസിന്റെ വൻ വീഴ്ച ചർച്ച ചെയ്ത യോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പാർട്ടി ട്രഷറർ അജയ് മാക്കൻ, ബിഹാറിന്റെ ചുമതലയുണ്ടായിരുന്ന കോണ്ഗ്രസ് നേതാവ് കൃഷ്ണ അല്ലവരു എന്നിവർ പങ്കെടുത്തു.
61 സീറ്റിൽ മത്സരിച്ച് ആറു സീറ്റ് മാത്രം നേടിയ കോണ്ഗ്രസിന്റെ ദയനീയ പ്രകടനം നേതാക്കൾ വിശദമായി വിലയിരുത്തിയെന്നാണ് സൂചന. 2010ൽ നാലു സീറ്റ് മാത്രം വിജയിച്ച തെരഞ്ഞെടുപ്പിനുശേഷം ബിഹാറിലെ കോണ്ഗ്രസിന്റെ ഏറ്റവും മോശം തെരഞ്ഞെടുപ്പ് പ്രകടനമായിരുന്നു ഇത്.
തുടക്കം മുതലേ നീതിയുക്തമല്ലാത്ത തെരഞ്ഞെടുപ്പെന്ന് കഴിഞ്ഞദിവസം ബിഹാർ തെരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ച രാഹുൽ ഖാർഗെയുമായുള്ള യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോടു പ്രതികരിച്ചില്ല.
National
ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണത്തിന്റെ വെളിച്ചത്തിൽ, ബാഹ്യശക്തികളുടെ പിന്തുണ തുടർന്നും ലഭിക്കുന്ന വർധിച്ചുവരുന്ന തീവ്രവാദ ഭീഷണിയെക്കുറിച്ചു ചർച്ച ചെയ്യാൻ അടിയന്തരമായി സർവകക്ഷി യോഗം വിളിക്കണമെന്ന് കോണ്ഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ രഹസ്യാന്വേഷണ, ഭീകരവിരുദ്ധ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ കേന്ദ്രസർക്കാരിനുള്ള മുന്നറിയിപ്പാണ് ചെങ്കോട്ടയിലെ ഭീകരാക്രമണം. ഉത്തരവാദിത്വത്തിൽനിന്ന് ഒളിച്ചോടാൻ സർക്കാരിനു കഴിയില്ല. ഭീകരതയ്ക്കെതിരേ കോണ്ഗ്രസ് രാഷ്ട്രത്തോടൊപ്പം ഒറ്റക്കെട്ടായി നിലകൊള്ളുന്നു. -ഖാർഗെ പറഞ്ഞു.
ജമ്മു കാഷ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ വിലയേറിയ ഒന്പതു ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്കു പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ഖാർഗെ ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് ചികിത്സയ്ക്കുപുറമേ ഇരകൾക്കു മതിയായ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബിഹാർ തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് ചർച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ച എന്നാണ് ലഭിക്കുന്ന വിവരം.
ബിഹാർ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത തിരിച്ചടിയാണ് നേരിട്ടത്. കഴിഞ്ഞ തവണ 19 സീറ്റുകളിൽ വിജയിച്ച കോൺഗ്രസിന് ഇത്തവണ ആറ് സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. കോൺഗ്രസും ആർജെഡിയും ഇടത് പാർട്ടികളും അടങ്ങിയ മഹാസഖ്യത്തിന് 35 സീറ്റ് ആണ് ലഭിച്ചത്.
എൻഡിഎ വൻ ഭൂരിപക്ഷത്തിലാണ് ഭരണം നിലനിർത്തിയത്. 202 സീറ്റുകളാണ് എൻഡിഎയ്ക്ക് ലഭിച്ചത്.
National
ബംഗളൂരു: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ബെംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസതടസവുമടക്കമുണ്ടായതോടെയാണ് ഖാർഗെയെ എം.എസ്. രാമയ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും നേതാക്കൾ പറഞ്ഞു.